2013, ഒക്‌ടോബർ 26, ശനിയാഴ്‌ച

                                                      

സംഗീത സാഗരത്തിൽ നിന്നും അധികമാരും പെറുക്കിയെടുക്കാൻ ശ്രമിക്കാത്ത ചില മുത്തുകളും പവിഴങ്ങളുമാണ് രാഘവൻ മാസ്റ്റർ എന്ന മഹാ പ്രതിഭ മലയാള ജനതയ്ക്ക് സമ്മാനിച്ചത്‌ ...

മലയാള തനിമയുള്ള ഗാനങ്ങളായിരുന്നു മാസ്റ്ററിന്റെത് ....

നാടൻ ശീലുകളെ സിനിമാ ഗാന ശാഖയിലേക്ക് പ്രയോഗിച്ച് വിജയം കൈവരിച്ച രാഘവൻ മാസ്റ്റർ ഇന്ന് നമ്മളോടോപ്പമില്ല ...

മാസ്റ്റരുമായുള്ള പല അഭിമുഖത്തിലും അദ്ദേഹം ഓർത്തോർത്തു പറയുന്ന വ്യക്തികളായിരുന്നു  വയലാർ , തുടങ്ങി ശ്രീകുമാരൻതമ്പി, യേശുദാസ്, ജയചന്ദ്രൻ, ജാനകി, സുശീല, വാണിജയറാം, പി ഭാസ്കരൻ, ഓ എൻ  വി  കുറുപ്പ്, ബ്രഹ്മ്മാനന്ദൻ ....അങ്ങിനെ പോകുന്നു ആ നീണ്ട നിര ....

എന്നാൽ അദ്ദേഹത്തിന്റെ അന്തിമോപചാരവേളയിൽ സിനിമാ മേഖലയിൽ  നിന്നുള്ള പലരും വിട്ടുനിന്നത് മാസ്റ്ററോട്  ചെയ്ത ക്രൂരതയാണെന്നെ പറയാനൊക്കു ....എന്തെല്ലാം നീക്കുപോക്കുകൾ പറഞ്ഞാലും ആ വിടവ് നികത്താനാവില്ല ...... ശ്രീ. രഞ്ജിത്തും ശ്രീ മാമ്മുകോയയും പറഞ്ഞതുപോലെ മരണാനന്തരവേളയിൽ പങ്കെടുക്കാതിരുന്നവരെ കുറിച്ചുള്ള പരാമർശങ്ങൾ ഒന്നും തന്നേ വജ്രം പോലെ തിളങ്ങി നില്ക്കുന്ന മാസ്റ്റരിന്റെ സൃഷ്ട്ടികൾക്കു മുന്നിൽ ഒന്നുമാവില്ല 

തമിഴ്, ഹിന്ദി ഗാനങ്ങളുടെ ഈണങ്ങളിൽ നിന്നെല്ലാം വിത്യസ്തമായി, മലയാളി ഇഷ്ട്ടപെടുന്ന, മണ്ണിന്റെ മണവും മാധുര്യവുമുള്ള ഗാനങ്ങൾ .......അത് രാഘവൻ മാസ്റ്റരുടെ മാത്രം കഴിവായിരുന്നു

സംഗീതത്തിലെന്നപോലെ ഗായകനെന്ന പേരിലും മാസ്റ്ററിന്റെ സംഭാവനകൾ അതീവ ഹൃദ്യങ്ങൾ ആയിരുന്നു " നീലക്കുയിൽ " എന്ന ചിത്രത്തിലെ " കായലരികത്ത് " എന്ന് തുടങ്ങുന്ന ഒരൊറ്റ ഗാനം മതി മാസ്റ്ററിനെ കുറിച്ചോർക്കാൻ ....

ബ്രഹ്മ്മാനന്ദൻ എന്ന ഗായകന്റെ പിറവിക്കുവേണ്ടി അദ്ദേഹം ഒരുപാട് പ്രയത്നിച്ചിരുന്നുവത്രേ ... ബ്രഹ്മ്മാനന്ദൻ തന്റെ ഒരു ഗാനം പാടണമെന്നും അത് ബ്രഹ്മ്മാനന്ദനെകൊണ്ട് പാടിപ്പിക്കാൻ നിര്മ്മാതാവ് തയ്യാറല്ലാതായപ്പോൾ മാസ്റ്റർ പറഞ്ഞത് ഞാൻ ഈ സിനിമയിലെ ഗാനങ്ങൾ സംഗീതം  ചെയ്യണമെങ്കിൽ ബ്രഹ്മ്മാനന്ദൻ പാടണം എന്നായിരുന്നുവത്രേ .......

രാഘവൻ മാസ്റ്റരിന്റെ തിളങ്ങുന്ന , മാധുര്യമൂറുന്ന സംഗീതത്തിലുള്ള ഗാനങ്ങൾ മാത്രം പാടി അന്നും ഇന്നും തിളങ്ങി നില്ക്കുന്ന പഴയ കാല, പുതിയ കാല നിരയിലെ എത്രയെത്ര ഗായകരാണിന്ന് ....

മാസ്റ്ററിന്റെ സംഗീത ജീവിതത്തിലെ ഉന്നതികൾക്ക് പിന്നിൽ കോഴിക്കോട്  ആകാശവാണി നിലയം നല്ല ഒരു വിളനിലം തന്നെയായിരുന്നു ...മുംബയിലെ അറിയപെടുന്ന ഒരു ഫുട്ബോൾ ടീമിലെ നല്ല കളിക്കാരനായിരുന്നുവത്രേ മാസ്റ്റർ ...പക്ഷെ സംഗീതത്തിനു വേണ്ടി മാസ്റ്റർ അതെല്ലാം മാറ്റിവെച്ചു 

നാടക ഗാന ശാഖയിൽ അന്നും ഇന്നും എന്നും മലയാളി കാത്തു സൂക്ഷിക്കുന്ന ഭാവഗാനങ്ങളായിരുന്നു " തലയ്ക്കു മീതെ ശൂന്യാകാശം " " പാമ്പുകൾക്ക് മാളമുണ്ട് "തുടങ്ങിയ എണ്ണിയാൽ തീരാത്തത്ര ഗാനങ്ങൾ .....70, 80 കാലഘട്ടങ്ങളിലെ ഞായറാഴ്ചകളുടെ സുപ്രഭാതവേളകളിൽ ആകാശവാണിയിൽ അലയടിച്ചിരുന്ന ഗാനങ്ങളായിരുന്നു ഇവയെല്ലാം .

പിന്നണി ഗാന രംഗത്തേക്ക് മാസ്റ്റർ  കൈപിടിച്ചു കൊണ്ടുവന്ന ഗായകർ തെല്ലൊന്നുമല്ല ഉദയഭാനു, ബ്രഹ്മ്മാനന്ദൻ, എം.ജി രാധാകൃഷ്ണൻ, ശാന്ത പി നായർ, വി.ടി.മുരളി ....അങ്ങിനെപോകുന്നു ആ നീണ്ട നിര ....

" കള്ളി ചെല്ലമ്മ " യിലെ " മാനത്തെ കായലിൽ " എന്ന് തുടങ്ങുന്ന ബ്രഹ്മ്മാനന്ദ ഗാനം ഇന്നും മലയാളിയുടെ മനസ്സിൽ മധുരിമ നിരക്കുന്ന രാഗ താള ലയ സംഗമമാണ് ....

ജയച്ചന്ദ്രനെന്ന ഭാവ ഗായകന്റെ കഴിവുകൾ പുറത്തെടുതുകൊണ്ട്  മാസ്റ്റർ കൊടുത്ത അനുഗ്രഹമായിരുന്നു  " കരിമുകിൽ കാട്ടിലെ "എന്ന് തുടങ്ങുന്ന ഗാനം ...

യേശുദാസെന്ന ഗാനഗന്ധർവനെ മാസ്റ്റർ " ഉത്തരായണം " എന്നാ ചിത്രത്തിലെ " ഹൃദയത്തിൻ രോമാഞ്ചം...സ്വരരാഗ ഗംഗയായ് " എന്ന ഗാനത്തിലുടെ മാസ്റ്റർ ആ രത്നത്തിന്റെ തിളക്കം വര്ധിപ്പിക്കുകയായിരുന്നു ..പിന്നീട് പല റിയാലിറ്റി ഷോകളിലും മറ്റും ഈ ഗാനം തിളങ്ങി നിന്നപ്പോഴെല്ലാം വിധികർത്താക്കൾ ഇതിന്റെ ക്രെഡിറ്റ് എം.ബീ ശ്രീനിവാസനാണെന്ന് പറയുമ്പോളും ഓരോ മലയാള സംഗീതാസ്വാധകരും ഞെട്ടിപോയിട്ടുണ്ട് ....അന്ന് മാസ്റ്റർ ചോദിച്ചുവത്രേ, ഇത് അരവിന്ദനോട് (സംവിധായകൻ  ജി അരവിന്ദൻ ) ചെയുന്ന ക്രൂരതയല്ലേയെന്ന്‌

തനിക്കു പകരം ശ്രീ ചിദംബരനാഥിനെ അദ്ദേഹം " മുറപെണ്ണ് " എന്നാ ചിത്രത്തിനുവേണ്ടി നിര്ദ്ദേശിച ആ ഹൃദയശുദ്ധിയെ നാം ഓർക്കേണ്ടതുണ്ട് .

"നിര്മ്മാല്യത്തിലെ " " ശ്രീ മഹാദേവൻ തന്റെ " എന്ന് തുടങ്ങുന്ന ഗാനത്തിന് ബ്രഹ്മ്മാനന്ദന്റെ ശബ്ദം തന്നെ വേണമെന്നും മാസ്റ്റർ നിര്ബന്ധം പറഞ്ഞിരുന്നുവത്രേ ...തികച്ചും നാടൻ സംഗീതത്തിന്റെ ഒരു വിരുന്നു തന്നെയാണ് മാസ്റ്റർ മലയാളത്തിനു സമര്പ്പിച്ചത് .ഭാവഗായകന്റെ " നീലമാലപൂന്കുയിലെ" എന്ന വശ്യതയേറിയ ഗാനത്തിന്റെ മാസ്മരസംഗീതം ആര്ക്കെങ്കിലും മറക്കാൻ കഴിയുമോ...?

ലളിതവും വശ്യവും മനോഹരവും കാതിനിമ്പവും ഒത്തിണങ്ങിയ ഗാനങ്ങളായിരുന്നു മാസ്റ്ററിന്റെത് ..

വി.ടി.മുരളിയെന്ന ഗായകനെ എല്ലാവരും ഓര്ക്കുന്ന ഗാനമാണ്  " ഓത്തുപള്ളീലന്നുനമ്മൾ " അതുപോലെ ജി.വേണുഗോപാലിന് നക്ഷത്ര തിളക്കം നല്കിയ  " നക്ഷത്രങ്ങളോ " എന്ന ഗാനം, " നാദാപുരം പള്ളിയിലെ ചന്ധനകുട "വുമായി വന്ന വാണീ ജയറാം, " നീർവഞ്ഞികൾ പൂത്തു " എന്ന ഗാനവുമായി ലതിക, " ഓമനപ്പാട്ടുമായ്‌ " എൽ .ആർ ഈശ്വരി, " കഥ കഥ പൈങ്കിളിയുമായി " പി.ലീല, " ഉണരൂണരൂ ഉണ്ണിപൂവേ " എന്ന ഗാനവുമായി എസ് .ജാനകി, " ഭദ്രദീപം കരിന്തിരി " യുമായി പി. സുശീല ...........ഇവരുടെയെല്ലാം എക്കാല ഹിറ്റുകളായ ഈ ഗാനങ്ങളുമായി  ഇവരെ പടി പടിയായി ഉയർത്തുകയായിരുന്നില്ലേ രാഘവൻമാസ്റ്റർ .... 


മാസ്റ്റർ പാടി, മലയാളികൾ രണ്ടു കയ്യും നീട്ടി ഏറ്റുവാങ്ങിയ പല ഗാനങ്ങളും സാഹചര്യ സമ്മര്ദങ്ങൾ മൂലം മാസ്റ്റർക്ക് പാടേണ്ടിവന്നിട്ടുള്ളതാണത്രെ. 

"അസുരവിത്ത്‌ " എന്ന ചിത്രത്തിലെ  " പകലവനിന്ന്  മയങ്ങുമ്പോൾ " എന്ന ഗാനം ഗാനഗന്ധർവ്വൻപാടെണ്ടിയിരുന്നതാണത്രേ...അദ്ദേഹത്തിന്റെ സമയകുറവുമൂലം മാസ്റ്റർ പാടുകയായിരുന്നു ...അതുപോലെ തന്നെ കുഞ്ചാക്കൊവിന്റെ നിര്ബന്ധപ്രകാരം പാടിയ ഗാനമായിരുന്നു " മായല്ലേ മറയല്ലേ " എന്ന് തുടങ്ങുന്ന   " കൃഷ്ണകുചേല "യിലെ ഗാനം ....
" കായലരികത്ത്  " എന്ന ഗാനം പിറവിഎടുക്കുമ്പോൾ അത് പാടാനായി മാസ്റ്റർ കണ്ടത് ഹാജി അബ്ദുൾഖാദർ എന്നാ ഗായകനെയായിരുന്നു ..അവിടെയും മാസ്റ്റർ തന്റെ സ്വരത്താൽ അതിനെ ഊതി കാച്ചി കാച്ചി ഒരു പൊന്നാക്കി മാറ്റുകയായിരുന്നു ...


പാട്ടിന്റെ വരികളിലും സംഗീതത്തിലും പുതുമകളെന്ന പേരിൽ എന്തും ഏതും ചെർക്കാമെന്ന ഭാവത്തിലും, ഇന്ന് കേട്ട് നാളേക്ക് മറന്നു പോകുന്നതുമായ ന്യൂ ജനറേഷൻ സിനിമാഗാന ശാഖകൾക്ക്, എന്താണ് പാട്ടെന്നും, എന്താണ് മലയാളിക്കിഷ്ട്ടപെട്ട സംഗീതമെന്നും മനസ്സിലാക്കി ഇനിയെങ്കിലും പുതിയ സൃഷ്ട്ടികളിൽ ശുദ്ധസംഗീത സ്പര്ശത്തോടെ സൃഷ്ട്ടികൾ നടത്തണമെങ്കിൽ പഴയ തലമുറയെ ആശ്രയിക്കേണ്ടിയിരിക്കുന്നു ...

രാഘവൻ മാസ്റ്ററെന്ന ആ മഹാ പ്രതിഭക്കുമുന്നിൽ ഈ എളിയ കലാകാരന്റെ നാദപ്രണാമം ...........



                                                                                                              മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ്‌